ധീരജ് വധം; നിഖില്‍ പൈലിയടക്കം രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിയില്‍

ധീരജ് വധം; നിഖില്‍ പൈലിയടക്കം രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലിയാണ് അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടെ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണു ധീരജിന് കുത്തേറ്റത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെറിന്‍ ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചിരുന്നു. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുയിലിമലയിലെ ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് രാജേന്ദ്രന്‍ കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയില്‍ രാജേന്ദ്രന്റെ മകനാണ്. അഭിജിത്, അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാമ്പസില്‍ പോലീസിന്റെ സാന്നിധ്യമുള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് സംഭവമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.