നടിയെ പീഡിപ്പിച്ച സംഭവം: ദിലീപിന്റെ സഹോദരനും കാവ്യാ മാധവനും അറിയാമെന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴി

 നടിയെ പീഡിപ്പിച്ച സംഭവം: ദിലീപിന്റെ സഹോദരനും കാവ്യാ മാധവനും അറിയാമെന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.

മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. 'ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെക്കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ എത്തിയെന്നു മൊഴി നല്‍കിയ ജീവനക്കാരന്‍ കോടതിയില്‍ മൊഴി മാറ്റിയ ദിവസം പ്രതികള്‍ പാര്‍ട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.