സോള്‍: ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നെന്നു ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) അവകാശപ്പെട്ടു. ഭരണാധികാരിയായ കി ജോങ്-ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
ചൊവ്വാഴ്ച തൊടുത്തുവിട്ട മിസൈല്‍ 1,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി പതിച്ചതായി കെസിഎന്‍എ അറിയിച്ചു. ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗമുള്ളവയാണ് (മണിക്കൂറില്‍ ഏകദേശം 6200 കിലോമീറ്റര്‍) ഹൈപ്പര്‍സോണിക് മിസൈലുകള്‍. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കുക പ്രയാസകരമാണ്.
കോവിഡ് മഹാമാരിക്കും ഭക്ഷ്യപ്രതിസന്ധിക്കുമിടയില്‍ ഉലയുമ്പോഴും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന കിം ജോങ് ഉന്നിന്റെ പുതുവത്സര പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ട് പരീക്ഷണങ്ങള്‍ നടത്തിയത്. അതേസമയം, ചൊവ്വാഴ്ചയിലെ പരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉത്തര കൊറിയയുടേത് യു.എന്‍ രക്ഷാസമതി പ്രമേയത്തിന്റെ ലംഘനമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. പരീക്ഷണം നടത്തിയ മിസൈല്‍ കടലില്‍ വീണതായും ദക്ഷിണ കൊറിയ അറിയിച്ചു.
ജനുവരി അഞ്ചിനും ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉത്തരകൊറിയയുടെ ഈ നടപടിയെ അപലപിച്ചു.
ഉദ്യോഗസ്ഥര്‍ക്കൊപ്പം കിം മിസൈല്‍ പരീക്ഷണം വീക്ഷിക്കുന്നതായി കെ.സി.എന്‍.എ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് കിം മിസൈല്‍ വിക്ഷേപണത്തില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാലിസ്റ്റിക് മിസൈലിനേക്കാള്‍ റഡാര്‍ പരിധിയെ മറികടക്കാന്‍ ശേഷിയുള്ളതാണു ഹൈപ്പര്‍സോണിക്. വിമാനത്തില്‍ നിന്നു നിയന്ത്രിക്കാവുന്നതും ശൈത്യകാലത്തും പ്രവര്‍ത്തനക്ഷമമായതുമാണു ഹൈപ്പര്‍സോണിക് മിസൈല്‍. ബാലിസ്റ്റിക് മിസൈലിനേക്കാള്‍ താഴ്ന്നുപറക്കാനുമാകും.