അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി വോട്ടവകാശം; 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശം വേണം

അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി വോട്ടവകാശം; 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശം വേണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ ഇനി മുതല്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കും വോട്ട് ചെയ്യാം. ജനുവരി 10 മുതലാണ് മുതലാണ് ഈ പ്രത്യേക അവകാശം നിലവില്‍ വന്നത്.

ഒരു മാസം മുമ്പ് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗീകരിച്ച നിയമം പുതുതായി ചുമതലയേറ്റെടുത്ത മേയര്‍ എറിക് ആഡംസ് നടപ്പാക്കുന്നതിന് അനുമതി നല്‍കി.

ന്യൂയോര്‍ക്കില്‍ 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവര്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി, ലോക്കല്‍ ബോര്‍ഡുകള്‍ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇനി വോട്ട് രേഖപ്പെടുത്താം. 8,00,000 അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ഔവര്‍ സിറ്റി, ഔവര്‍ വോട്ട് (Our City, Our Vote) എന്ന് നാമകരണം ചെയ്യപ്പെട്ട പുതിയ നിമയത്തിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ഈ ബില്ല് നിയമമാകുന്നതുകൊണ്ട് ആര്‍ക്ക്, എന്ത് പ്രയോജനമാണ് ഉണ്ടാവുകയെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി നിക്കോള്‍ ചോദിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട വോട്ടവകാശം, ന്യൂയോര്‍ക്ക് സംസ്ഥാന നിയമം നിഷ്‌കര്‍ഷിക്കുന്ന വോട്ടവകാശം മുപ്പത് ദിവസം ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍ക്ക് അനുവദിക്കുന്നതിന് മേയര്‍ക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നു സംസ്ഥാന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഈ നിയമം ന്യൂയോര്‍ക്കില്‍ മാത്രമല്ല മേരിലാന്‍ഡ്, വെര്‍മോണ്ട്, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ പന്ത്രണ്ട് കമ്യൂണിറ്റികളില്‍ നിലവിലുണ്ടെന്ന് ഡമോക്രാറ്റുകള്‍ വാദിക്കുന്നു.

പൗരത്വമില്ലാത്തവര്‍ക്ക് ന്യൂയോര്‍ക്കില്‍ വോട്ട് ചെയ്യുന്നതിന് ആദ്യമായി അവസരം ലഭിക്കുക അടുത്തവര്‍ഷം നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.