വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണത്തിന് സഹായം നല്‍കിയവര്‍ക്കെതിരെ ഉപരോധവുമായി അമേരിക്ക. ഒരു സ്ഥാപനത്തിനും ഏഴ് വ്യക്തികള്‍ക്കുമാണ് ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ട് ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് യുഎസ് നടപടി.
സെപ്റ്റംബറിന് ശേഷം ഉത്തര കൊറിയ ആറ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളാണ് നടത്തിയതെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ വിലക്കിയിട്ടുള്ള നിരവധി ആയുധശേഖരം കൊറിയയുടെ പക്കലുണ്ടെന്നതിന് തെളിവാണ് അടിക്കടി നടന്ന ഈ പരീക്ഷണങ്ങളെന്ന് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ തീവ്രവാദ, ധനകാര്യ രഹസ്യാന്വേഷണ വിഭാഗം അണ്ടര്‍ സെക്രട്ടറി ബ്രിയാന്‍ നെല്‍സണ്‍ പറഞ്ഞു.
റഷ്യന്‍ സ്ഥാപനമായ പര്‍സേക് എല്‍എല്‍സിക്ക് ഉള്‍പ്പെടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് കൂടാതെ ആറ് ദക്ഷിണ കൊറിയന്‍ സ്വദേശികളും ഒരു റഷ്യന്‍ പൗരനും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടും. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് മിസൈല്‍ നിര്‍മാണത്തിനും പരീക്ഷണത്തിനുമുളള സാധനങ്ങളും സംവിധാനങ്ങളും ഉത്തര കൊറിയ സ്വന്തമാക്കിയതെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.വിദേശ രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് ആയുധങ്ങളും സാധനങ്ങളും വാങ്ങുന്നതിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ഉപരോധം.
ചൈനയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണങ്ങള്‍ക്കുളള സോഫ്റ്റ് വെയറും രാസവസ്തുക്കളും സംഘടിപ്പിച്ചത്. മിസൈല്‍ നിര്‍മാണത്തിനുളള ഉരുക്ക് വസ്തുക്കളും ചൈനയില്‍ നിന്നാണ് വാങ്ങിയത്. ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സ്വദേശികള്‍ വഴിയാണ് ഈ സാധനങ്ങള്‍ സ്വന്തമാക്കിയത്. ഇവര്‍ക്കുമെതിരെയുണ്ട് ഉപരോധം.
കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പരീക്ഷണം നേരിട്ട് കാണാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു. സൈന്യത്തെ നവീകരിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ വികസിപ്പിക്കണമെന്ന ആഹ്വാനവും കിം ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയിരുന്നു. ജപ്പാനാണ് മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.