സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ; നിയന്ത്രണം സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം

സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ; നിയന്ത്രണം സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പറഞ്ഞു.

ചില ഇടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥ നിലവിലില്ലെന്നും ഡോ. സുല്‍ഫി വ്യക്തമാക്കി. ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ മറ്റ് നിയന്ത്രണങ്ങള്‍ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.