കണ്ണൂര്‍ വിസി നിയമനം: ചോദ്യം ചെയ്തുള്ള ഹര്‍ജി ജനുവരി 24ന് പരിഗണിക്കും

കണ്ണൂര്‍ വിസി നിയമനം: ചോദ്യം ചെയ്തുള്ള ഹര്‍ജി ജനുവരി 24ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ജനുവരി 24ന് പരിഗണിക്കും. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വൈസ്ചാന്‍സലറുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം നടത്തിയതെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടും ചേര്‍ന്നു പോകുന്നതല്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.

ഗവര്‍ണര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കുര്യന്‍ ജോര്‍ജ് കണ്ണന്താനവും, സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പും, കണ്ണൂര്‍ വിസിക്ക് വേണ്ടി മുന്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനും, ഹര്‍ജിക്കാരായ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹാജരായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.