മത ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍; നാളെ മുതല്‍ കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍

മത ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍; നാളെ മുതല്‍ കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇനി മുതല്‍ മതപരമായ ചടങ്ങുകള്‍ക്കും ബാധകം. ടിപിആര്‍ 20 ന് മുകളിലുള്ള സ്ഥലങ്ങളില്‍ മത ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് അനുമതി നല്‍കും.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോടതികള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമായിരിക്കും നേരിട്ട് വാദം കേള്‍ക്കുക. കോടതി മുറികളില്‍ 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം. പൊതു ജനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും.

കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തു ചേരലുകളും നിരോധിച്ചു.

വിവാഹ/ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. എല്ലാ പൊതു ചടങ്ങുകളും സാമൂഹിക ഒത്തുചേരലുകളും സംഘാടകര്‍ ഉടനടി റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേത് ഉള്‍പ്പടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.