ജനസംഖ്യ ഏറിയതിന്റെ തലവേദന ചൈനയ്ക്കു പഴങ്കഥ; ജനന നിരക്ക് ഏറ്റവും താഴ്ന്നതറിഞ്ഞു ഞെട്ടി രാജ്യം

 ജനസംഖ്യ ഏറിയതിന്റെ തലവേദന ചൈനയ്ക്കു പഴങ്കഥ; ജനന നിരക്ക് ഏറ്റവും താഴ്ന്നതറിഞ്ഞു ഞെട്ടി രാജ്യം

ബെയ്ജിങ്: ജനന നിരക്ക് ആശങ്കാജനകമാം വിധം താഴ്ന്നുവരുന്നതിന്റെ വിഹ്വലതയില്‍ ചൈന. സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ട തിരിച്ചടിക്കൊപ്പം ജനന നിരക്കിലും രാജ്യം ഏറെ പിന്നോട്ടുപോകുന്നതായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയിരം പേര്‍ക്ക് 7.52 എന്ന തോതിലായിരുന്നു 2021 ലെ ചൈനയിലെ ജനന നിരക്ക്. 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍ മൂലം ജനന നിരക്ക് കുത്തനെ കുറഞ്ഞതിനാലുണ്ടായ തിരിച്ചടി കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍ മൂന്നു കുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പില്‍ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹിതരാവാനും കുട്ടികളുണ്ടാകാനും താത്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന ജോലി സമ്മര്‍ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ഉയര്‍ന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങള്‍ തടഞ്ഞുവെന്നായിരുന്നു ചൈനീസ് അധികൃതരുടെ അവകാശവാദം.

ദശാബ്ദങ്ങള്‍ പഴക്കമുള്ള 'ഒരു കുട്ടി നയം' 2016 ലാണ് ചൈന റദ്ദാക്കിയത്. എന്നിട്ടും ദുര്‍വഹമായ ജീവിതച്ചെലവ് കാരണം മിക്ക ദമ്പതികളും കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് അവസ്ഥ. സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ ഡാറ്റ ക്രോഡീകരിക്കാന്‍ തുടങ്ങിയ 1949 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.



കുടിയേറ്റം പരിഗണിക്കാതെയുള്ള ചൈനയിലെ ജനസംഖ്യയുടെ സ്വാഭാവിക വളര്‍ച്ചാ നിരക്ക് 2021-ല്‍ 0.034 ശതമാനം മാത്രമായിരുന്നു. 1960-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 'ജനസംഖ്യാപരമായ വെല്ലുവിളി സുവ്യക്തമാണ്. പ്രായമേറിയവരുടെ എണ്ണത്തിലുള്ള താരതമ്യ ഉയര്‍ച്ചയുടെ വേഗത പ്രതീക്ഷിച്ചതിലും വേഗത്തിലുമാണ്'- പിന്‍പോയിന്റ് അസറ്റ് മാനേജ്മെന്റിലെ ചീഫ് ഇക്കണോമിസ്റ്റ് ഷിവെയ് ഷാങ് പറഞ്ഞു.
'ഇത് സൂചിപ്പിക്കുന്നത് ചൈനയുടെ മൊത്തം ജനസംഖ്യ 2021-ല്‍ അതിന്റെ പാരമ്യത്തിലെത്തിയെന്നാകാം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ സാധ്യത പ്രതീക്ഷിച്ചതിലും മന്ദഗതിയിലാകാനിടയുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു' ഷാങ് ചൂണ്ടിക്കാട്ടി.

ജനസംഖ്യാ വര്‍ദ്ധനയുടെ നിരക്ക് എങ്ങനെ കുറയ്ക്കാനാകുമെന്നതിനെച്ചൊല്ലിയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈനയുടെ ഏറ്റവും വലിയ തലവേദനകളിലൊന്ന്. എന്നാല്‍ പിന്നീട് കഥമാറി. ജനസംഖ്യാ വര്‍ധനവിനു വേണ്ടി ഒട്ടേറെ നടപടികള്‍ എടുത്തിട്ടും ലക്ഷ്യം അകലുയാണ്. മരണനിരക്കിനേക്കാള്‍ അല്‍പം കൂടുതലുണ്ടെന്ന് ആശ്വസിക്കാമെങ്കിലും ഭരണാധികാരികളെ വിഷമിപ്പിച്ചും രാജ്യത്തിന്റെ ഭാവിയില്‍ കരിനിഴല്‍ പടര്‍ത്തിയുമാണ് ജനസംഖ്യാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കുമുണ്ട് മുന്നറിയിപ്പ്

1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്ക് ഇത്രയധികം കുറയുന്നത്. 2000 മുതല്‍ 2010 വരെയുള്ള കാലത്ത് 0.57 ശതമാനമായിരുന്നു ജനസംഖ്യാ വളര്‍ച്ച. എന്നാല്‍ അടുത്ത 10 വര്‍ഷമായപ്പോഴേക്കും ഇത് 0.53 ആയി കുറയുകയാണുണ്ടായത്. ജനനനിരക്കിലുള്ള കുറവാണ് രാജ്യം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇങ്ങനെപോയാല്‍ മരണനിരക്കിനേക്കാളും ജനന നിരക്ക് കുറയുന്ന അദ്ഭുത പ്രതിഭാസത്തിനും അടുത്ത വര്‍ഷത്തോടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന ഭീതി ഉണരുന്നുണ്ട്. അതോടെ പ്രായമേറിയവരുടെ എണ്ണവും കൂടാം. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.

2021 ആയപ്പോഴേക്കും ജനസംഖ്യാ വളര്‍ച്ച പരാമവധിയില്‍ എത്തിയെന്നും അതിനു ശേഷം കുറയുന്ന പ്രവണതയാണു കാണിക്കുന്നതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നേരിടാന്‍ ഒട്ടേറെ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനു പിന്നാലെയാണ് രണ്ടു കുട്ടികള്‍ എന്ന നയം മാറ്റി മൂന്നു കുട്ടികള്‍ വരെയാകാം എന്നു പ്രഖ്യാപിച്ചത്. എന്നിട്ടും ചെറിയ മാറ്റം മാത്രമാണ് ജനസംഖ്യാ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്.

ജീവിതച്ചെലവു കൂടുന്നതാണ് കുട്ടികള്‍ കുറയാനുള്ള പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. വൈകി മാത്രം വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതും കുട്ടികളുടെ എണ്ണം കുറയ്ക്കുന്നു. യുവതലമുറ കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ചില പഠനങ്ങളില്‍ പറയുന്നു. ഇക്കാര്യം മനസ്സിലാക്കി, നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മികച്ച പരിചരണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ പരിചരണം മെച്ചപ്പെടുത്തിയതിനൊപ്പം സ്വകാര്യ വ്യക്തികളെ നിയോഗിച്ച് കുട്ടികളെ നോക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. ഇതു സാമ്പത്തികച്ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ പണമുള്ള കുടുംബങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നതിനാലാണ് സ്വകാര്യ പരിചാരകരെ കുറച്ച് പൊതുആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്.

പുതുതലമുറയുടെ ജീവിതവീക്ഷണത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്ന രീതിയില്‍ നയങ്ങള്‍ പരിഷ്‌കരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹമേ വേണ്ടെന്നും വൈകി മാത്രം വിവാഹം മതിയെന്നുമുള്ള ചിന്താഗതി മാറ്റാന്‍ എന്തു ചെയ്യണമെന്ന് കൂട്ടായി ആലോചിക്കേണ്ടതുണ്ടെന്ന അഭിപ്രായം ശക്തം. അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ ജനസംഖ്യ ഇനിയും കുറയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ വന്‍ശക്തിയാണെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ അടുത്തകാലത്തുണ്ടായ ഇടിവും പ്രധാനപ്രശ്നങ്ങളിലൊന്നാണ്. ഇനിയുള്ള കാലത്ത് വ്യക്തമായ നയങ്ങളും അവ നടപ്പാക്കാന്‍ കൃത്യമായ രീതികളും ഇല്ലെങ്കില്‍ വലിയ വിപത്തായിരിക്കും ജനസംഖ്യാ വളര്‍ച്ചയിലെ കുറവിന്റെ രൂപത്തില്‍ ചൈനയെ കാത്തിരിക്കുന്നതെന്ന വിദഗ്ധര്‍ പറയുന്നു. ഇതില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ക്കും പഠിക്കാനേറെയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.