ചാരക്കൂനകള്‍ നിറഞ്ഞ് റണ്‍വേ; ടോംഗയിലേക്കു സജ്ജമാക്കിയ സഹായ വിമാനങ്ങള്‍ അയക്കാന്‍ കഴിയാതെ ന്യൂസിലന്‍ഡ്

ചാരക്കൂനകള്‍ നിറഞ്ഞ് റണ്‍വേ; ടോംഗയിലേക്കു സജ്ജമാക്കിയ സഹായ വിമാനങ്ങള്‍ അയക്കാന്‍ കഴിയാതെ ന്യൂസിലന്‍ഡ്


നുകൂഅലോഫ/ വെല്ലിംഗ്ടണ്‍: അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചും സുനാമി മൂലവും ദുരന്തബാധിതമായ ടോംഗയ്ക്ക് വിമാനം വഴി സഹായമെത്തിക്കാനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ അതീവ ദുഷ്‌കരം. ടോംഗ തലസ്ഥാനത്തെ പ്രധാന വിമാനത്താവള റണ്‍വേയില്‍ ചാരം നിറഞ്ഞിരിക്കുന്നതിനാല്‍ ദുരിതാശ്വാസ വിമാനങ്ങള്‍ ഇറങ്ങാനാകുന്നില്ല. അതേസമയം, അവശ്യ സാധനങ്ങളുമായി സൈനിക കപ്പലുകള്‍ ദ്വീപുകളില്‍ എത്തുന്നതിന് ദിവസങ്ങളെടുക്കുമെന്നും ന്യൂസിലന്‍ഡ് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ചത്തെ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് ശേഷം ടോംഗ നേരിടുന്ന മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുനാമിക്ക് ശേഷം കടലിനടിയിലെ പ്രധാന കേബിള്‍ മുറിഞ്ഞതോടെ പുറം ലോകത്തില്‍ നിന്ന് രാജ്യം മിക്കവാറും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.അതേസമയം, നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും നിരീക്ഷണ വിമാനങ്ങള്‍ അയച്ചിട്ടുണ്ട്.

വാട്ടര്‍ കണ്ടെയ്നറുകള്‍, ജനറേറ്ററുകള്‍, ശുചിത്വ കിറ്റുകള്‍ എന്നിവ സഹിതം മാനുഷിക സഹായമെത്തിക്കുന്നതിന് സി -130 ഹെര്‍ക്കുലീസ് വിമാനം ടോംഗയിലേക്ക് പറക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നനയ മഹൂത പറഞ്ഞു.നുകൂഅലോഫ എയര്‍പോര്‍ട്ട് റണ്‍വേയില്‍ ഇപ്പോഴും ചാരം വീഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നു. വിമാനം ഇറങ്ങുന്നതിന് മുമ്പ് ചാരക്കൂനകള്‍ നീക്കി റണ്‍വേ വൃത്തിയാക്കണം- മഹൂത അറിയിച്ചു.

ജലവിതരണ സംവിധാനം, ദുരന്ത നിവാരണ സ്റ്റോറുകള്‍, ഒരു റെസ്‌ക്യൂ ഹെലികോപ്റ്റര്‍ എന്നിവ വഹിക്കുന്ന രണ്ട് നാവികസേനാ കപ്പലുകള്‍ ടോംഗയിലേക്ക് അയക്കുമെന്ന് മഹുത കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, കപ്പലുകള്‍ എത്താന്‍ മൂന്ന് ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അഗ്‌നിപര്‍വ്വതത്തിന്റെ പൊടിയും സുനാമിയും ടോംഗയുടെ ജലവിതരണത്തെ മലിനമാക്കിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് റെഡ് ക്രോസിന്റെ റീജിയണല്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ മാത്യു പറഞ്ഞു.'ജല ശുദ്ധീകരണം പ്രധാന കാര്യമാണ്.ശുദ്ധമായ കുടിവെള്ളം നല്‍കുക എന്നതാണ് ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്,'- മാത്യു അറിയിച്ചു.

അതേസമയം, ടോംഗ നിവാസികളുടെ വിദൂരതയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അക്ഷമരാണ്. അവരുടെ കണ്ണും കാതും അകലെ പ്രിയപ്പെട്ടവര്‍ക്കായി തുറന്നുവച്ചിരിക്കുന്നു. അവര്‍ക്ക് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ ഇനിയും ബാക്കി.വിദേശത്തും ടോംഗയ്ക്ക് പുറത്തുമുളളവര്‍ക്കും ടോംഗയിലെ ബന്ധുക്കളും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനാകുന്നില്ല.

ശനിയാഴ്ച കടലിനടിയില്‍ ഹുംഗാ ടോംഗ ഹുങ്ക ഹാപായ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ സുനാമിത്തിരകള്‍ ടോംഗ ദ്വീപസമൂഹത്തിനുണ്ടാക്കിയ ദുരന്തത്തിന്റെ ആഴം എത്രയെന്ന് ഇപ്പോഴും വ്യക്തമല്ല. തലസ്ഥാനമായ നുകൂഅലോഫയില്‍ നിന്ന് 65 കിലോമീറ്റര്‍ വടക്കുമാറിയായിരുന്നു സ്ഫോടനം.


വന്‍ശബ്ദത്തോടെ പൊട്ടിയ അഗ്‌നിപര്‍വ്വതം തീര്‍ത്ത സുനാമിത്തിരകള്‍ ടോംഗയെ തകര്‍ത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ കുതിച്ചെത്തി. ആശയവിനിമയ സംവിധാനം തകര്‍ന്നു. അതിനാല്‍ ആള്‍നാശമോ, ദുരന്തത്തിന്റെ ആഴമോ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആന്‍ജെലാ ഗ്ലോവര്‍ എന്ന ബ്രിട്ടീഷ് വനിതയെ സുനാമിത്തിരകള്‍ കവര്‍ന്നതായി സഹോദരന്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹം കണ്ടെത്തി.

പതിനായിരം കിലോമീറ്റര്‍ അകലെ വടക്കന്‍ പെറുവിലെ കടല്‍തീരത്ത് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡും ആസ്ട്രേലിയയും അയച്ച വിമാനങ്ങള്‍ ദുരന്തത്തിന് കൂടുതല്‍ വ്യാപ്തിയുള്ളതായി കണ്ടെത്തി. ടോംഗദ്വീപ് സമൂഹത്തിലെ പ്രബലദ്വീപായ ടോംഗാടാപുവിന് സാരമായ തകര്‍ച്ച സംഭവിച്ചതായി ന്യൂസിലന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഭയപ്പെടേണ്ട അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റെഡ്ക്രോസിന്റെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ ഭയപ്പെട്ടതുപോലെ ജനനിബിഡപ്രദേശത്ത് കാര്യമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നത് നല്ല വാര്‍ത്തയാണെന്നും റെഡ്ക്രോസ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.