ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ക്ലസ്റ്ററുകള്‍: മന്ത്രിമാരുടെ ഓഫീസുകളിലടക്കം രോഗവ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ക്ലസ്റ്ററുകള്‍: മന്ത്രിമാരുടെ ഓഫീസുകളിലടക്കം രോഗവ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥിതിയാണ്. ഇതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലായി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ ഓരോ ദിവസവും കൂടി വരികയാണ്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ചത്.

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനം മന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം മൂന്നു ദിവസം മുന്‍പുതന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23-ാം തീയതി വരെയാണ് സെന്‍ട്രല്‍ ലൈബ്രറി അടച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പുനരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തു നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.