'വീണ്ടെടുപ്പ് അതീവ ദുഷ്‌കരം':കടലിലെ അഗ്‌നിപര്‍വ്വതം വിതച്ച അഭൂതപൂര്‍വ ദുരന്തത്തില്‍ ഞെട്ടി ടോംഗ ഭരണകൂടം

 'വീണ്ടെടുപ്പ് അതീവ ദുഷ്‌കരം':കടലിലെ അഗ്‌നിപര്‍വ്വതം വിതച്ച അഭൂതപൂര്‍വ ദുരന്തത്തില്‍ ഞെട്ടി  ടോംഗ ഭരണകൂടം

നുകൂഅലോഫ:കടലിലെ അഗ്‌നിപര്‍വ്വത സ്ഫോടനത്തോടനുബന്ധിച്ചുണ്ടായ സുനാമിയില്‍ തകര്‍ന്ന ടോംഗ ദ്വീപ് പൂര്‍വ്വസ്ഥിതിയിലാക്കുക ഏറെ ശ്രമകരമാകുമെന്ന നിരീക്ഷണം പങ്കുവച്ച് ഭരണകൂടം. ദുരന്തത്തിനു ശേഷം ലോകത്തിനായി നല്കിയ ആദ്യസന്ദേശത്തില്‍ 'അഭൂതപൂര്‍വമായ ദുരന്തം' തങ്ങളെ ബാധിച്ചതായി ടോംഗ സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് മരണങ്ങള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു: രണ്ട് നാട്ടുകാരും ഒരു ബ്രിട്ടീഷ് ടൂറിസ്റ്റും.

ചില ചെറിയ ദ്വീപുകളെ ദുരന്തം ഏറ്റവും മോശമായി ബാധിച്ചെന്ന് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഒരു ദ്വീപിലെ എല്ലാ വീടുകളും നശിച്ചു, മറ്റൊന്നില്‍ രണ്ടെണ്ണം മാത്രം അവശേഷിച്ചു. അഗ്‌നിപര്‍വതത്തില്‍ നിന്ന് വന്‍ തോതില്‍ ചാരം വീണത് സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരിക്കുകയാണ്. കുടിവെള്ളവും ആവശ്യ വസ്തുക്കളുമായി വരുന്ന വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനായി സന്നദ്ധപ്രവര്‍ത്തകര്‍ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ തൂത്തുവാരിക്കൊണ്ടിരിക്കുന്നു.സുനാമിത്തിരകള്‍ കൊണ്ടുവന്ന അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ ടോംഗയുടെ ഹരിതാഭയെ ഇല്ലാതാക്കി ചെളികലര്‍ന്ന തവിട്ടുനിറമാക്കി.

ടോംഗയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് ദ്വീപ് ശൃംഖലയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു.ടോംഗ വിമാനത്താവളത്തില്‍ കുമിഞ്ഞ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഇത് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ട്.കൂടുതല്‍ മരണങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നും പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ടോംഗായിലെ ഉന്നത ഉദ്യോഗസ്ഥന്‍ കുര്‍ത്തിസ് ടുയ്ഹാലന്‍ ഗിന്‍ഗി വ്യക്തമാക്കി.

തെക്കന്‍ പസഫിക്മേഖലയില്‍ ജപ്പാനോളം വലുപ്പത്തില്‍ ചിതറിക്കിടക്കുന്ന 170 ദ്വീപ് സമൂഹങ്ങള്‍ ചേര്‍ന്ന ടോംഗായില്‍ ഒരു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുണ്ട്. ഇതില്‍ ഭൂരിപക്ഷവും കേന്ദ്രീകരിച്ചത് പ്രധാനദ്വീപായ ടോംഗാടാപുവിലാണ്. ടോംഗാടാപുവിന്റെ പടിഞ്ഞാറന്‍ തീരത്ത് വലിയ നാശമുണ്ടായെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നിരീക്ഷകവിമാനങ്ങള്‍ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അഗ്‌നിപര്‍വ്വതവും സുനാമിയും ടോംഗയിലെ വെള്ളത്തിന്റെ ലഭ്യതതടസ്സപ്പെടുത്തിയതിനാല്‍ കുടിവെള്ളത്തിനാണ് ടോംഗയില്‍ മുന്‍ഗണനയെന്നും ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നനയ് മഹൂത പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.