കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. വിചാരണ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്നും കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും കേസിലെ പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 25 ലേക്ക് മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഹാജരാക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേ സമയം തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്നാണ് സുനിയുടെ ആവശ്യം.