ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് ഇന്ത്യ; എമിഗ്രേഷന്‍ നടപടികള്‍ സുഗമമാകുമെന്ന് നിരീക്ഷണം

 ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് ഇന്ത്യ; എമിഗ്രേഷന്‍ നടപടികള്‍ സുഗമമാകുമെന്ന് നിരീക്ഷണം

ന്യൂഡല്‍ഹി:ഉടമയുടെ ബയോമെട്രിക് ഡാറ്റ അടങ്ങുന്ന ചിപ്പ് ഉള്‍ച്ചേര്‍ത്ത ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയച്ചത്.വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ച് നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ ആണ് ഇത് അച്ചടിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായി നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും 20,000 ഇ-പാസ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇത് വിജയകരമായാല്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കും. രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമാകും ഇ-പാസ്പോര്‍ട്ട് സംവിധാനമെന്നാണ് വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തല്‍.ഇതില്‍ പാസ്‌പോര്‍ട്ട് ഉടമയെ സംബന്ധിച്ച ബയോമെട്രിക് ഡാറ്റ, പേര്, അഡ്രസ്, ഉടമ നടത്തിയ വിദേശ യാത്രകള്‍, തിരിച്ചറിയാന്‍ ഉപകരിക്കുന്ന മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോചിപ്പ് ഉന്നത നിലവാരമുള്ള സുരക്ഷാ വലയത്തിലായിരിക്കും. ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡാറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനാണ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍.പരമ്പരാഗത പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ പരിഷ്‌കരണമാണ് ഇ-പാസ്പോര്‍ട്ടിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.