'എല്ലാത്തിനും കാരണഭൂതനായ അങ്ങ് അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം; കോടിയേരിക്ക് ഉച്ചക്കിറുക്ക് സംഭവിക്കുന്നു': പിണറായിക്ക് സുധാകരന്റെ കത്ത്

'എല്ലാത്തിനും കാരണഭൂതനായ അങ്ങ് അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം; കോടിയേരിക്ക് ഉച്ചക്കിറുക്ക് സംഭവിക്കുന്നു': പിണറായിക്ക് സുധാകരന്റെ കത്ത്

കൊച്ചി: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ട്വിറ്ററിലൂടെ പങ്കു വച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പരിഹസിക്കുന്നുണ്ട്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍:

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം 'ന്നായി' തന്നെ നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കള്‍ അറിയണം.

പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍, കേരളത്തില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പൊലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ഗുണ്ടകള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു.

തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും 'അങ്ങേര്‍ക്കത്' മനസിലായില്ലെന്ന് തോന്നുന്നു.

എല്ലാത്തിനും 'കാരണഭൂതനായ' അങ്ങ് എ.കെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 'അമേരിക്കയില്‍' സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.