ദുബായ്: ദുബായില്‍ ബുധനാഴ്ചയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു, 12 പേർക്ക് പരുക്കേറ്റു. അല്‍ കരാമ ടണലിലാണ് ആദ്യ അപകടമുണ്ടായതെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഖ് മുഹൈർ അല്‍ മസൗരി പറഞ്ഞു. അമിത വേഗതയും, ലൈന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതുമാണ് രണ്ടാമത്തെ അപകടത്തിന് കാരണമായത്. ഉം സുഖീം റോഡിലാണ് ഈ അപകടമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ ഖയ്ല്‍ റോഡില്‍ നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്ത് നിന്ന് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് മൂന്നാമത്തെ അപകടത്തിന് കാരണമായത്. ഈ അപകടത്തിലാണ് ഒരു സ്ത്രീയുടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം വിശദീകരിച്ചു.