ടോംഗ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമോ? ഗവേഷകര്‍ പറയുന്നത്

ടോംഗ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമോ? ഗവേഷകര്‍ പറയുന്നത്

നുകുഅലോഫ: പസഫിക് രാജ്യമായ ടോംഗയില്‍ കടലിനടിയിലുണ്ടായ വമ്പന്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ആഗോള കാലാവസ്ഥയിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ചുള്ള വിശകലനവുമായി ഗവേഷകര്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് കാലാവസ്ഥയെ ബാധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ അന്തരീക്ഷ താപനിലയെ സ്വാധീനിക്കാറുണ്ട്. സ്‌ഫോടനമുണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വലിയ തോതില്‍ ഈര്‍പ്പം, ചാരം, വാതകങ്ങള്‍ എന്നിവ കലരുന്നു. ചുട്ടുപഴുത്ത വായു പുറന്തള്ളുമ്പോള്‍ വൈദ്യുതി പ്രവാഹമുണ്ടാകുകയും അതു തുടര്‍ച്ചയായ മിന്നലിനു കാരണമാകുകയും ചെയ്യുന്നു.

ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപര്‍വ്വതം ആണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിനു ശേഷം തലസ്ഥാനമായ നുകുഅലോഫയില്‍ ചാരവും പാറക്കഷ്ണങ്ങളും മഴ പോലെ വീഴുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പല ദ്വീപുകളും ചാരത്തില്‍ മുങ്ങിയിരിക്കുകയാണ്.

ദോഷകരമായ വാതകങ്ങള്‍ ഉപരിതലത്തിന് സമീപം തങ്ങിനില്‍ക്കുമ്പോള്‍ 'വോഗ് എന്നറിയപ്പെടുന്ന വിഷം നിറഞ്ഞ മൂടല്‍മഞ്ഞ് രൂപപ്പെടുന്നു. ഇത്തരം വാതകവും ചാരവും അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ഉയരുമ്പോള്‍ അത് ആഗോള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. ടോംഗ അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരവും പൊടിപടലങ്ങളും ഏകദേശം 35 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയതായാണ് നിഗമനം.


അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെതുടര്‍ന്ന് ചാരം മൂടിയ കാര്‍

അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ സള്‍ഫര്‍ ഡയോക്സൈഡും നൈട്രജന്‍ ഓക്സൈഡും പുറത്തള്ളുന്നു, ഇത് അന്തരീക്ഷത്തിലെ വെള്ളവും ഓക്സിജനുമായി ഇടകലര്‍ന്ന് ആസിഡ് മഴ സൃഷ്ടിക്കുന്നു. ടോംഗയില്‍ ഉഷ്ണമേഖലാ കാലാവസ്ഥയുള്ളതിനാല്‍, ടോംഗയ്ക്ക് ചുറ്റും ആസിഡ് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഓക്‌ലന്‍ഡ് സര്‍വകലാശാലയിലെ അഗ്നിപര്‍വ്വത ശാസ്ത്രജ്ഞനായ ഷെയ്ന്‍ ക്രോണിന്‍ പറയുന്നു. ഇങ്ങനെയുണ്ടാകുന്ന ആസിഡ് മഴ വ്യാപകമായ വിള നാശത്തിന് കാരണമായേക്കും. പ്രത്യേകിച്ച് ചോളം, വാഴപ്പഴം, പച്ചക്കറികള്‍ എന്നിവ പോലുള്ള പ്രധാന ഉല്‍പ്പന്നങ്ങളെ നശിപ്പിക്കും. അതേസമയം, ചാരം കൂടുതലും കടലില്‍ വീണത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

അന്തരീക്ഷത്തെ തണുപ്പിക്കുന്നു

വലിയ അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ക്ക് അന്തരീക്ഷത്തെ താല്‍ക്കാലികമായി തണുപ്പിക്കാന്‍ കഴിയുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ബ്ലെയര്‍ ട്രെവിന്‍ പറയുന്നു. പുറന്തള്ളപ്പെടുന്ന സള്‍ഫര്‍ ഡയോക്‌സൈഡ് സൂര്യനില്‍നിന്ന് വരുന്ന പ്രകാശത്തെ തടയുകയും ഒരു തരത്തില്‍ പറഞ്ഞാല്‍ ആഗോളതലത്തില്‍ തണലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിന് ഏറ്റവം വലിയ ഉദാഹരണം 1991-ല്‍ ഫിലിപ്പീന്‍സിലുണ്ടായ പിനാറ്റുബോ അഗ്‌നിപര്‍വത സഫോടനമാണ്. ആഗോള കാലാവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു കഴിഞ്ഞിരുന്നു.

പിനാറ്റുബോ അഗ്‌നിപര്‍വത സഫോടനത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഏകദേശം 15 മുതല്‍ 20 മില്യണ്‍ ടണ്‍ സള്‍ഫര്‍ ഡയോക്‌സൈഡാണു പുറത്തുവന്നത്. അതായത് ടോംഗയിലുണ്ടായതിനെക്കാള്‍ 100 മടങ്ങ് കൂടുതല്‍. ആഗോളതലത്തില്‍ ശീതീകരണ പ്രഭാവത്തിന് ഇതു കാരണമായിരുന്നു.

അതേസമയം, ആഗോളതലത്തില്‍ തണുപ്പുണ്ടാകാന്‍ പര്യാപ്തമായ സള്‍ഫര്‍ ഡയോക്‌സൈഡ് ടോംഗ സ്‌ഫോടനത്തിലൂടെ പുറന്തള്ളപ്പെട്ടിട്ടില്ലെന്ന് ബ്ലെയര്‍ ട്രെവിന്‍ പറഞ്ഞു. ഏകദേശം 0.1-0.2 മില്യണ്‍ ടണ്‍ സള്‍ഫര്‍ ഡയോക്‌സൈഡ് ആണ് സ്‌ഫോടനത്തിലൂടെ പുറന്തള്ളപ്പെട്ടത്. ഇത് പ്രാദേശികമായി അന്തരീക്ഷത്തെ തണുപ്പിക്കാന്‍ ഇടയാക്കും.

1815-ല്‍ ഇന്തോനേഷ്യയിലെ തംബോറ പര്‍വതത്തിലാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനമുണ്ടായത്. അതിന്റെ പ്രത്യാഘാതം മൂലം അടുത്ത വര്‍ഷം വേനല്‍ക്കാലമില്ലാത്ത വര്‍ഷമായി കടന്നുപോകാന്‍ കാരണമായി. അതേസമയം ടോംഗ അഗ്‌നിപര്‍വ്വത സ്‌ഫോടനം പ്രാദേശികമായി കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുമെങ്കിലും ആഗോള തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.