കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് പ്രതികള്‍ ആലുവയിലെ ഹോട്ടലില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയിരുന്നതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍. ആലുവയിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ 'സിദ്ദിഖ്' എന്നു പേരുള്ള ഒരാള്‍ പങ്കെടുത്തതായി മകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ശോഭന പറഞ്ഞു.
കോടതി വരാന്തയില്‍ വെച്ച് പള്‍സര്‍ സുനി അമ്മയ്ക്ക് കൈമാറിയ കത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത് സത്യമാണെന്നും പള്‍സര്‍ സുനിയുടെ അമ്മ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്തു പറയാന്‍ തയ്യാറാവുന്നില്ലെന്ന് ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായും ശോഭന വ്യക്തമാക്കി. കേസില്‍ പള്‍സര്‍ സുനിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.