ഐ.എസ് ഭീകര സംഘത്തിന്റെ റിക്രൂട്ടിംഗ് ഏജന്റ്: ഇമാമിനെ നാടു കടത്തി സ്വീഡന്‍

ഐ.എസ് ഭീകര സംഘത്തിന്റെ റിക്രൂട്ടിംഗ് ഏജന്റ്: ഇമാമിനെ നാടു കടത്തി സ്വീഡന്‍


സ്റ്റോക്‌ഹോം: ഐ.എസ് റിക്രൂട്ടറായ ഇമാമിനെ നാടുകടത്തി സ്വീഡന്‍. 52 കാരനായ അഹമ്മദ് അഹമ്മദിനെയാണ് ഒരു വര്‍ഷത്തെ തടവിനു ശേഷം നാടുകടത്തിയത്. സ്വീഡനില്‍ വിവിധ മസ്ജിദുകളില്‍ ഇമാമായി പ്രവര്‍ത്തിച്ചിരുന്നു ഇറാക്കില്‍ നിന്നു കുടിയേറിയ ഇയാള്‍.അഹമ്മദിനെ സ്വീകരിക്കാന്‍ ഇറാഖ് വിസമ്മതിച്ചതിനാല്‍ ഇയാളെ തുര്‍ക്കിയിലേക്കാണ് അയച്ചത്. ഒരു ചെറിയ തുകയും മൊബൈല്‍ ഫോണും വിമാന ടിക്കറ്റും നല്‍കുകയും ചെയ്തു.

ഐ.എസ് ഭീകരവാദികളെ സഹായിക്കുന്നതിലും , ഭീകരസംഘടനയിലേയ്ക്ക് ആളുകളെ ചേര്‍ക്കുന്നതിലും അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഐഎസ് റിക്രൂട്ട്മെന്റില്‍ പ്രധാന അങ്ക് വഹിക്കുകയാണെന്ന് സംശയം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.14 പേര്‍ ഇയാള്‍ വഴി ഐ.എസ് ഭീകരരായി മാറിയെന്നാണ് കണ്ടെത്തിയത്.സ്വീഡനില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന മിക്ക ആളുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഹമ്മദ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്വീഡിഷ് സുരക്ഷാ സൈനികരാണ് ഇയാളെ നാടുകടത്തിയത് .2015ല്‍ അഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇയാളുടെ ഫോണില്‍ നിന്ന് ഐഎസ് ഭീകരരുടെയും ഒസാമ ബിന്‍ ലാദന്റെയും ചിത്രങ്ങളും, ഐഎസ് ജീവനോടെ കത്തിച്ച ജോര്‍ദാന്‍ പൈലറ്റിന്റെ ചിത്രവും കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇമാം നിഷേധിക്കുകയാണ് ചെയ്തത്.

2019-ല്‍ സ്വീഡനില്‍ തീവ്രവാദം ആരോപിച്ച് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് സ്‌കൂള്‍ ചാന്‍സലര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖ മുസ്ലീം പുരോഹിതരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വീഡിഷ് സെക്യൂരിറ്റി സര്‍വീസ് മൂന്ന് ഇമാമുകളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ധനസഹായമുള്ള പ്രമുഖ ഇസ്ലാമിക് സ്‌കൂളുകളിലൊന്നിന്റെ തലവനും ഇമാമിന്റെ മക്കളിലൊരാളുമാണ് അറസ്റ്റിലായത് .

അറസ്റ്റിലായവരില്‍ സ്‌കൂള്‍ ഓഫ് സയന്‍സിന്റെ മുന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ എല്‍ നാദി സ്വമേധയാ സ്വീഡന്‍ വിട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ട് സ്വീഡിഷ് സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് നടപടി. അറസ്റ്റിലായവരില്‍ പലര്‍ക്കും സ്വീഡിഷ് പൗരത്വം നിഷേധിക്കപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.