ടൊറന്റോ: യു.എസ്-കാനഡ അതിര്‍ത്തിയിലെ കൊടുംതണുപ്പില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ തണുത്തുറഞ്ഞ് മരിച്ചത് ഉള്ളുലയ്ക്കുന്ന അതിദാരുണ സംഭവമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മനുഷ്യക്കടത്ത് തടയാന്‍ യു.എസ് അധികൃതരുമായി ചേര്‍ന്ന് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മനസിനെ വല്ലാതെ ഉലച്ച സംഭവമാണിത്. ഒരു കുടുംബത്തിന്റെ ജീവന്‍ ഇങ്ങനെ നഷ്ടപ്പെടുന്നത് കാണേണ്ടി വന്നത് വളരെ ദാരുണമാണ്. അവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണ്. മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള അവരുടെ ആഗ്രഹങ്ങളെ ചിലര്‍ മുതലെടുത്തു. അനധികൃതമായി അതിര്‍ത്തി കടക്കരുതെന്ന് പറയാന്‍ കാരണമിതാണ്. ഇത്തരത്തില്‍ അതിര്‍ത്തി കടക്കുന്നതില്‍നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്താന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. ഏറെ അപകടങ്ങള്‍ നിറഞ്ഞതാണ് അത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ യു.എസുമായി ചേര്‍ന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും-ട്രൂഡോ വ്യക്തമാക്കി.
മരിച്ച നാലംഗ കുടുംബം ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. കാനഡയില്‍ നിന്ന് യു.എസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരാണ് ഇവരെന്ന് കരുതുന്നു. പുരുഷന്‍, സ്ത്രീ, കൗമാരപ്രായത്തിലുള്ള കുട്ടി, പിഞ്ചുകുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് വ്യാഴാഴ്ച കനേഡിയന്‍ ഭാഗമായ മാനിറ്റോബയിലെ എമേഴ്‌സണ്‍ പ്രദേശത്ത് കണ്ടെത്തിയത്. മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന പ്രദേശത്തെ താപനില മൈനസ് 35 ഡിഗ്രിയായിരുന്നു. അതിര്‍ത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം ഈ കാലാവസ്ഥയില്‍ കഴിയേണ്ടി വന്നതാകാം ഇവരുടെ മരണത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ അജയ് ബിസാരിയയാണ് മരിച്ചവര്‍ ഗുജറാത്തികളാണെന്ന് സ്ഥിരീകരിച്ചത്. കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് യു.എസ് അറ്റോണി ഓഫിസും വ്യക്തമാക്കി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം 24ന് നടത്തുമെന്ന് കാനഡ അധികൃതര്‍ അറിയിച്ചു.
ജനുവരി 19-ന് യു.എസ് അധികൃതര്‍ യു.എസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് യാത്രാ രേഖകളില്ലാത്ത യു.എസ് പൗരനടക്കം ഏഴുപേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുണ്ട്. ഇവരില്‍ രണ്ടുപേരെ കൊടും തണുപ്പേറ്റ അവശതമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11 മണിക്കൂറോളം തണുത്തുറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നതായി സംഘത്തിലുള്ളവര്‍ പോലീസിനോട് പറഞ്ഞു. ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറലില്‍ നിന്നുള്ള പ്രത്യേകസംഘം മാനിറ്റോബയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഓട്ടവയിലെ കോണ്‍സുലേറ്റും ഹൈകമ്മിഷനും കാനഡ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. അതിനിടെ, അനധികൃത മനുഷ്യക്കടത്തിന് 47 കാരനായ യു.എസ് പൗരന്‍ സ്റ്റീവ് ഷാന്‍ഡിനെതിരെ യു.എസിലെ മിനിസോട്ട ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.