കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ തന്റെ വിവാഹച്ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചശേഷം തന്റെ കല്യാണം ഇപ്പോള്‍ നടക്കില്ലെന്ന് ജസീന്ത പറഞ്ഞു.

'ജീവിതം അങ്ങനെയാണ്, ന്യൂസിലന്‍ഡിലെ ആയിരക്കണക്കിന് വരുന്ന സാധാരാണക്കാര്‍ ഈ മഹാമാരിക്കിടയില്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്നും താന്‍ അവരില്‍ നിന്നും വിഭിന്നയല്ലെന്നും ജസീന്ത വ്യക്തമാക്കി. പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും അവരുടെ പ്രധാന കുടുംബവിശേഷങ്ങളും പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു. അവരും ഞാനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു ജസീന്ത ചോദിച്ചു.

പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ അസുഖം വരുമ്പോള്‍ അവരോടൊപ്പം ചേരാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. അത് താന്‍ അനുഭവിക്കുന്ന ഏതൊരു സങ്കടത്തേക്കാളും വലുതാണെന്നും ജസീന്ത പറഞ്ഞു.

ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡും. ഇവര്‍ക്ക് 2018-ല്‍ പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിവാഹം നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

ഞായറാഴ്ചയാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരും.

വാക്സിന്റെ ഇരു ഡോസുകളും സ്വീകരിച്ചവര്‍ക്കു മാത്രമേ ഇനി പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്. പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരും കടകള്‍ സന്ദര്‍ശിക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ന്യൂസിലന്‍ഡില്‍ ഇതുവരെ 15,104 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 52 മരണങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങളും ലോക്ഡൗണുകളും രാജ്യത്ത് നിലവിലുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.