ന്യൂയോര്‍ക്ക് : പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തനക്ഷമമായതിനാലാണ് വലിയ അപായത്തിനിരയാകാതെ കാലിഫോര്‍ണിയന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. ലോസ് ഏഞ്ചലസിലായിരുന്നു സംഭവം.
സണ്‍സെറ്റ് ബൗള്‍വാര്‍ഡിനും, അലെന്‍ഫോര്‍ഡ് അവന്യൂവിനും ഇടയിലായി റൈവേറിയ കണ്‍ട്രി ക്ലബിന് സമീപമായാണ് താരത്തിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചത്. അപകടമുണ്ടായ ഉടനെ വാഹനത്തിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചു.ഒരു യുവതി ഓടിച്ചിരുന്ന യുകോണ്‍ എസ്യുവിയിലായിരുന്നു താരം സഞ്ചരിച്ചിരുന്നത്.ചുവന്ന ടൊയോട്ട പ്രിയസിനെ ആദ്യം ഇടിച്ചു നിയന്ത്രണം വിട്ട എസ്യുവി മറ്റൊരു വാഹനത്തിന് മുകളിലൂടെ ഉരുണ്ടു മറിഞ്ഞ ശേഷം ഒരു പോര്‍ഷെ കയേനില്‍ ഇടിച്ചാണു നിന്നത്. മൊത്തം നാല് വാഹനങ്ങളുമായി കൂട്ടിയിടിച്ചു.

പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 74 കാരനായ ഷ്വാര്‍സ്നെഗറിന് അപകടത്തിന്റെ പേരിലുള്ള പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.