യു.എസിലേക്കു മനുഷ്യക്കടത്ത്; കാനഡയില്‍ അറസ്റ്റിലായ ഇന്ത്യക്കാരി ഗുരുതരാവസ്ഥയില്‍; കൈ മുറിച്ചുമാറ്റേണ്ടി വരും

യു.എസിലേക്കു മനുഷ്യക്കടത്ത്; കാനഡയില്‍ അറസ്റ്റിലായ  ഇന്ത്യക്കാരി ഗുരുതരാവസ്ഥയില്‍; കൈ മുറിച്ചുമാറ്റേണ്ടി വരും

വാഷിങ്ടണ്‍: തണുത്തുറഞ്ഞ മഞ്ഞിലൂടെ കാല്‍നടയായി കാനഡയില്‍നിന്ന് യു.എസിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ഏഴ് ഇന്ത്യക്കാരില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമെന്നു റിപ്പോര്‍ട്ട്. ഒരു സ്ത്രീയുടെ കൈക്കാണ് ഗുരുതര പരിക്ക്. 'ഫ്രോസ്റ്റ്ബൈറ്റ്' ബാധിച്ച ഇവരുടെ കൈ അപകടകരമാംവിധം മരവിച്ച അവസ്ഥയിലാണ്. കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊടുംതണുപ്പില്‍ ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ഫ്രോസ്റ്റ്‌ബൈറ്റ്. ഇത് സംഭവിക്കുന്ന ശരീരഭാഗം മുറിച്ചുമാറ്റേണ്ടി വരാറുണ്ട്.

യുഎസ്-കാനഡ അതിര്‍ത്തിയില്‍നിന്ന് വിമാനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ക്കു പലവട്ടം ശ്വാസതടസവുമുണ്ടായി. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം അതിര്‍ത്തി കടന്നു യുഎസിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുംശൈത്യത്തില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴംഗ സംഘം അറസ്റ്റിലായെന്ന വാര്‍ത്തയും പുറത്തുവന്നത്.

സംഘത്തില്‍ രണ്ട് പേര്‍ക്കാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത്. ഒരു പുരുഷനും സ്ത്രീയുമാണ് ഇത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം, ഇന്ത്യന്‍ കുടുംബം മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാനഡയില്‍ നിന്ന് യു.എസിലേക്ക് അനധികൃതമായി ആളുകളെ കടത്തുന്ന സംഘത്തിന്റെ ഇരകളാണ് മരിച്ച ഗുജറാത്തി കുടുംബമെന്നാണ് കാനഡ വ്യക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.