പാകിസ്താനില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു;അക്രമം ലാഹോര്‍ പ്രസ്സ് ക്ലബ്ബിന് മുന്നില്‍

 പാകിസ്താനില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു;അക്രമം ലാഹോര്‍ പ്രസ്സ് ക്ലബ്ബിന് മുന്നില്‍


ലാഹോര്‍: പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചു കൊന്നു. ലാഹോര്‍ പ്രസ്സ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടറായ ഹുസൈന്‍ ഷായാണ് കൊല്ലപ്പെട്ടത്.

പ്രസ് ക്ലബ്ബിലേക്ക് ഹുസൈന്‍ തന്റെ കാറില്‍ എത്തിയപ്പോള്‍ ബൈക്കില്‍ വന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം. തിരക്കുള്ള മേഖലയില്‍ ആയിരുന്നു ആക്രമണം നടന്നത്. കാറില്‍ പത്തോളം ബുള്ളറ്റുകള്‍ തറച്ചിട്ടുണ്ട്.അക്രമികള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ഹുസൈന്‍ വെടിയേറ്റു മരിച്ചതറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായി പാഞ്ഞെത്തി പ്രകടനം നടത്തി. അക്രമ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പ്രവിശ്യാ പോലീസ് ജനറല്‍ റാവു സര്‍ദാര്‍ അലി ഖാന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പാകിസ്താനില്‍ തുടര്‍ക്കഥയാവുകയാണ്.ഇക്കാര്യത്തില്‍ ലോകത്ത് ഒമ്പതാം സ്ഥാനം പാകിസ്താനുള്ളതായാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.