'ലോകായുക്തയെ ഒതുക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്': ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

'ലോകായുക്തയെ ഒതുക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്': ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ലോകായുക്തയെ ഒതുക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അഴിമതിയാരോപണത്തില്‍ ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാനാകുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. ഇത്തരത്തില്‍ ഭേദഗതി ചെയ്താല്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത സര്‍ക്കാരിനോട് നടപടിക്ക് ആവശ്യപ്പെട്ടാലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് വെയ്ക്കാം.

മാത്രമല്ല പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ ലോകായുക്തക്ക് പരാതി നല്‍കിയാല്‍ കാര്യവുമില്ലെന്ന അവസ്ഥയിലെത്തും. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ റെയില്‍ അടക്കം സര്‍ക്കാരിനെതിരായ കേസുകള്‍ വരുന്നത് മുന്നില്‍ കണ്ടാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ഈ നിയമ ഭേഗഗതിക്കുള്ള ഓഡിനന്‍സ്. സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമാണ് ഓര്‍ഡിന്‍സെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും എന്ന അവസ്ഥയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.