ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 50,000 രൂപ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 50,000 രൂപ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് പിടിയില്‍. കോട്ടയം പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന്‍ (39), ചപ്പാത്ത് ഹെവന്‍വാലി എസ്റ്റേറ്റില്‍ സാം കോര (33) എന്നിവരാണ് പിടിയിലായത്.

ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്‌നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ കനി മലറിന്റെ പക്കല്‍ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കില്‍ എത്തിയ ഇവര്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഡോക്ടര്‍ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കില്‍ നിന്ന് ഒരു ജീവനക്കാരനെയും കാറില്‍ കയറ്റി ഇവര്‍ തമിഴ്‌നാട്ടിലേക്കു പോയി.

കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവര്‍ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു. ഡോക്ടറുടെ പേരില്‍ കേസുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വന്ന കാറില്‍ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നല്‍കാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവര്‍ പണം ആവശ്യപ്പെടുകയും ഡോക്ടറുടെ പക്കല്‍ ഉണ്ടായിരുന്ന 50,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

കുമളിയില്‍ എത്തിയപ്പോള്‍ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തില്‍ നിന്ന് ഇറക്കി വിട്ടു. വീട്ടില്‍ എത്തിയ ഡോക്ടര്‍ താന്‍ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി സി.ജി.സനല്‍കുമാര്‍, എസ്‌ഐ അഫ്‌സര്‍, എഎസ്‌ഐ നസീമ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിയാദ്, അങ്കു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ചപ്പാത്തിലെ സാം കോരയുടെ വീട്ടിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.