തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വി എസ് അച്യുതാനന്ദന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ ഓഫീസ് അറിയിച്ചത്. ഫെസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപറ്റി ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമാണെന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന വി എസ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ സബ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്നാണ് വി എസിന്റെ ഓഫീസ് അറിയിച്ചത്.