ദുബായ്: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാള്‍ഡോ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും കൂടികാഴ്ച നടത്തി. ഇന്ന് റൊണാള്‍ഡോ എക്സ്പോ വേദി സന്ദർശിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അല്‍ വാസല്‍ പ്ലാസയില്‍ താരമെത്തുമെന്നാണ് എക്സ്പോ 2020 ദുബായുടെ ട്വീറ്റ് വ്യക്തമാക്കുന്നു.
ദുബായില്‍ അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം എത്തിയതാണ് റൊണാള്‍ഡോ. നാദ് അല്‍ ഷെബ സ്പോർട്സ് കോംപ്ലക്സില്‍ പരിശീലനം നടത്തുന്ന ചിത്രമുള്‍പ്പടെ ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷെയ്ഖ് ഹംദാനും റൊണാള്‍ഡോയുടെയും മകന്റേയും ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.