ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. വിവിരം ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളോടെ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച സാഹചര്യത്തിലാണ് നീക്കം. സംഭവത്തില്‍ ആരോപണ വിധേയനായ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ പി. കെ അനസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജി ലാലാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചുവെച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം. വാട്‌സാപ്പ് വഴിയാണ് വിവരങ്ങള്‍ എസ്ഡിപിഐ നേതാവിന് കൈമാറിയിട്ടുള്ളത്. ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് ശുപാര്‍ശ.
ഇതിന്റെ ഭാഗമായിട്ട് പിരിച്ചിവിടാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ബോധിപ്പിക്കാനുണ്ടോ എന്നത് തേടിയാണ് ജില്ലാ പൊലീസ് മേധാവി നോട്ടീസ് നല്‍കിയിരിക്കുന്നത്. വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയ കാര്യം പുറത്താകുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ശേഷം സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.