തിരുവനന്തപുരം: യുഎസില്‍ ചികിത്സ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കയാത്രയില്‍ മാറ്റം. ഇന്നു രാവിലെ ദുബായിലെത്തുന്ന അദ്ദേഹം ഒരാഴ്ച യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം അബുദാബി, ഷാര്‍ജ എന്നി എമിറേറ്റുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും മടക്കം.
യുഎസ്എയില്‍ വിവിധ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം ഇന്ന് മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തുകയായിരുന്നു.
അമേരിക്കയില്‍ നിന്ന് ദുബായിലേക്കാണ് പിണറായി വിജയന്‍ നേരെ പോകുന്നത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം, ദുബായ് എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും.