രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്നിടത്ത് എല്ലാ കെഎസ്ആര്‍ടിസി ബസുകളും നിര്‍ത്തില്ല; ഉത്തരവില്‍ ഭേദഗതി

രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്നിടത്ത് എല്ലാ കെഎസ്ആര്‍ടിസി ബസുകളും നിര്‍ത്തില്ല; ഉത്തരവില്‍ ഭേദഗതി

ആലപ്പുഴ: രാത്രി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തണമെന്ന ഉത്തരവ് കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. ദീര്‍ഘ ദൂരയാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണു നടപടി. രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെ സ്ത്രീകളും ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്മാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ദീര്‍ഘദൂര യാത്രക്കാരുടെ വിമര്‍ശനത്തിന് ഇടയാക്കുകുയായിരുന്നു.

ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ആദ്യ ഉത്തരവ് നടപ്പാക്കിയാല്‍ യാത്രാസമയം കൂടുമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്നാണു മുന്‍ ഉത്തരവു പരിഷ്‌കരിച്ചത്. പുതിയ ഉത്തരവു പ്രകാരം സൂപ്പര്‍ഫാസ്റ്റ് ഒഴിച്ചുള്ള ദീര്‍ഘദൂര അതിവേഗ ബസുകള്‍ യാത്രക്കാരുടെ ആവശ്യാനുസരണം നിര്‍ത്തേണ്ടതില്ല. രാത്രി എട്ടിന് ശേഷം ഇത്തരം ബസുകളാണ് അധികവുമെന്നതിനാല്‍ ചെറിയദൂര യാത്രക്കാര്‍ ബുദ്ധിമുട്ടും.

അതിവേഗ സര്‍വീസുകളായ മിന്നല്‍ ഒഴികെ എല്ലാ ബസുകളും രാത്രിയാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നായിരുന്നു ആദ്യ ഉത്തരവ്. അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളില്‍ മാത്രമായിരിക്കും ഇനി ബസ് നിര്‍ത്തുന്നത്. ഈ വിവരം വ്യക്തമാക്കി ബസുകളില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു. യാത്രയ്ക്കു മുന്‍പുതന്നെ കണ്ടക്ടര്‍മാര്‍ വിവരം യാത്രക്കാരെ ബോധ്യപ്പെടുത്തുകയും വേണം. ഇടയ്ക്കുവെച്ചുള്ള തര്‍ക്കം ഒഴിവാക്കാനാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.