തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലാണ് പുസ്തകം. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തിലുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കുകയാണ് പുസ്തകത്തില്‍ ശിവശങ്കര്‍. ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ തന്നെ വിളിച്ച് ആവശ്യപ്പെട്ടു. കാര്‍ സ്റ്റീരിയോകളാണ് ബാഗേജില്‍ ഉള്ളതെന്നും ഇത് ഡ്യൂട്ടി അടയ്ക്കാത്തതിനാലാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും വിട്ടുകിട്ടാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ കസ്റ്റംസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്ന് മറുപടി നല്‍കി. ജൂലായ് നാലാം തീയതി സ്വപ്നയും ഭര്‍ത്താവ് ജയശങ്കറും തന്റെ ഫ്ളാറ്റില്‍ എത്തി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ അപ്പോഴും താന്‍ അതേ നിലപാട് സ്വീകരിച്ചു. ഇതുമാത്രമാണ് കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യമെന്ന് ശിവശങ്കര്‍ പറയുന്നു.
തന്റെ ജന്മദിനത്തില്‍ സമ്മാനമായി സ്വപ്ന നല്‍കിയ ഒരു ഐഫോണ്‍ ആണ് പിന്നീട് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ ഇത്തരമൊരു ചതി തന്നോട് സ്വപ്ന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.