തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമന കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കി. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയതായി കരുതുന്നില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ ശുപാര്‍ശ തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റാവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും പറഞ്ഞ ലോകായുക്ത പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി തള്ളുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി ചെന്നിത്തല ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതില്‍ ഗവര്‍ണറുടെ വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.