കൊച്ചി: ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായി വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡനാരോപണം.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 10 വര്‍ഷം മുന്‍പ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഒരു ചലച്ചിത്ര ഗാന രചയിതാവിന്റെ വീട്ടില്‍ വച്ച് ബാലചന്ദ്രകുമാര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം യുവതിയെ ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് നടനെതിരെ ഗൂഢാലോചന കേസ് ശക്തിപ്പെട്ടത്. എന്നാല്‍ എല്ലാം കെട്ടിച്ചമച്ച ആരോപണമാണെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.
അതിനിടെ കേസിലെ നിര്‍ണായക തെളിവായ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്ന വിവരം പുറത്തുവന്നതോടെ ആക്രമിക്കപ്പെട്ട നടി വിഷയത്തില്‍ പ്രധാനമന്ത്രിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടുണ്ട്.