ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും: ആരാധനാലയങ്ങള്‍ക്ക് ഇളവ്; പരീക്ഷ തടസമില്ലാതെ നടത്തും

ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരും: ആരാധനാലയങ്ങള്‍ക്ക് ഇളവ്; പരീക്ഷ തടസമില്ലാതെ  നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചെറിയ മാറ്റത്തോടെ തുടരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം തീരുമാനമെടുത്തിരുന്നു.

ഇതില്‍ പ്രധാനപ്പെട്ടത് ദേവാലയങ്ങളില്‍ ഇരുപത് പേരെ പങ്കെടുപ്പിച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്താം എന്നുള്ളതാണ്. ഞാറാഴ്ച നിയന്ത്രണങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയടക്കമുള്ള തിരുക്കര്‍മ്മങ്ങള്‍ മുടങ്ങുന്നതായി കാണിച്ച് സഭാ നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിയത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ല. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.

എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ കൊല്ലം മാത്രമാണ് നിലവിലുള്ളത്. ബി കാറ്റഗറിയില്‍ 10 ജില്ലകളുണ്ട്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാസര്‍കോട് ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരം തിരിച്ചിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.