തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കുന്നുണ്ട്.
ദേവാലയങ്ങളില്‍ ഇരുപത് പേരെ പങ്കെടുപ്പിച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്താം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ല. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും.
പുറത്തിറങ്ങുന്നവര്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ഔദ്യോഗിക യാത്രകള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ യാത്രാ രേഖകള്‍ കരുതണം.
കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ മാത്രം. തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇന്നലെ 33,538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,52,399 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 5,18,481 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 57,740 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.