'ആ മധുരം അനുഭവിക്കാന്‍ മലയാളിക്കും ഭാഗ്യമുണ്ടായി'; ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

'ആ മധുരം അനുഭവിക്കാന്‍ മലയാളിക്കും ഭാഗ്യമുണ്ടായി'; ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലത മങ്കേഷ്‌ക്കറിന്റെ പാട്ടുകള്‍ക്കൊപ്പം വളര്‍ന്ന തലമുറകളുടെ മനസില്‍ ഒരിക്കലും മായ്ക്കാനാവാത്ത സ്ഥാനമാണ് അവര്‍ക്കുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിക്കും ആ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആലാപന മാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാ മങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍ തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഖം അറിയിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.