കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സര്‍വ്വേയുടെ ഉദ്ദേശം എന്താണന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്‍പ് ശരിയായ സര്‍വെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വ്വേയുടെ ആവശ്യമില്ലായിരുന്നു.
നിയമപരമല്ലാത്ത സര്‍വ്വേ നടപടികള്‍ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. സര്‍വ്വേയുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ ഹൈക്കോടതി ചോദ്യം ചെയ്തത്. നിയമപരമായി സര്‍വ്വേ നടത്തുന്നതിനോട് ഹൈക്കോടതിക്ക് വിയോജിപ്പില്ല. സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ? നിയമപരമല്ലാത്ത സര്‍വ്വേ നടത്തുന്നതിനോട് യോജിക്കാനാവില്ല.
നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയിരുന്നു. അത് ഡിവിഷന്റ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ പ്രതികരണം. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് മാറ്റി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.