കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ശബ്ദ പരിശോധന പൂര്‍ത്തിയായി. ശബ്ദ സാമ്പിളുകള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍ അറിയിച്ചു.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാമ്പിളുകള്‍ നല്‍കിയിരുന്നു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ചിത്രാഞ്ജലിയിലെത്തിയത്.
വധ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായിട്ടാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖയെ കാണുന്നത്. ഇതിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്.
ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടരന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുക.ശബ്ദരേഖയിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടില്ല.