പാലക്കാട്: കുഴല്‍മന്ദം വെളളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പിഴവു മൂലമുണ്ടായതാണെന്നു കണ്ടെത്തല്‍. ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതാണ് അപകടത്തിലേക്കു നയിച്ചത്.
കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായത്. അതിനാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസര്‍ ശിപാര്‍ശ ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനത്തിനു പിന്നിലെ കാറിലെ ഡാഷ്‌കാമില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങള്‍ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട്.
അമിതവേഗത്തില്‍ എത്തിയ ബൈക്ക് ലോറിയിലിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതിയിരുന്നത് പിന്നീടാണ് അപകടം കെ.എസ്.ആര്‍.ടി.സി ബസ് മൂലമാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തില്‍ മരിച്ചത്.