പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷിച്ച ആര്‍. ബാബു(23)വിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ടേക്കും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലായെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ വനം വകുപ്പ് കേസെടുത്തേക്കും. അനുമതിയില്ലാതെ കുറുമ്പാച്ചി മല കയറിയതിനാണ് കേസെടുക്കുക. ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.
ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഇന്നലെ രാവിലെ 10.20നാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. നാല്‍പത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.