തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തൃശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
നിലവില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നു തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമാക്കി.
ഇതുകൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അടിയന്തിരമായി ബസ് സര്‍വ്വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോല്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.