തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രിയടക്കം ഉള്ള ഉത്സവ പരിപാടികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു.
പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായതിന്റെ രേഖകള്‍ ഉണ്ടാകണം.
കൂടാതെ സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവും തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കും. ഇതോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടു വിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.