കൊച്ചി: കെ റെയിലിന്റെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഡിപിആര്‍ തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.
സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കും. ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
സില്‍വര്‍ ലൈനെതിരായ ഹര്‍ജി സമര്‍പ്പിച്ചവര്‍ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമര്‍ശങ്ങള്‍ ഹര്‍ജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അപ്പീലില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.