കൊച്ചി: ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. പ്രതിയുടെ ഹര്‍ജിയെ എതിര്‍ത്താണ് കക്ഷി ചേരുന്നതിന് അനുവാദം തേടിയിരിക്കുന്നത്. ഇന്നു കേസ് പരിഗണിക്കുമ്പോഴാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്നു നടി കോടതിയില്‍ അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തയ്ക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്ന വാദവുമായാണ് ദിലീപ് ഹൈക്കോടതിയില്‍ തുടരന്വേഷണത്തെ എതിര്‍ത്തു ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ ഗൂഢാലോചനക്കേസിലെ പരാതിക്കാരാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.