അമൃത്സര്‍: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മൂര്‍ച്ഛിച്ചിരിക്കേ നേതാക്കള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു സര്‍ക്കസാണെന്ന് പറഞ്ഞ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മനിന് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കോണ്‍ഗ്രസ് സര്‍ക്കസില്‍ ഒരു കുരുങ്ങന്റെ വേഷം ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നായിരുന്നു ചന്നിയുടെ പരിഹാസം.
'ഞങ്ങളുടെ സര്‍ക്കസില്‍ ഒരു കുരങ്ങന്റെ റോള്‍ ഒഴിവുണ്ട്. അതിലേക്ക് ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നോ ഹരിയാനയില്‍ നിന്നോ യുപിയില്‍ നിന്നോ എവിടെ നിന്ന് ആര് വന്നാലും സ്വാഗതം ചെയ്യും'- ചന്നി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം കഴിഞ്ഞ ദിവസം അമൃത്സറില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭവന്ത് മന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കസായി മാറിയിരിക്കുകയാണ്. ചന്നി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തെ എഎപി തോല്‍പ്പിക്കുമെന്നും മന്‍ പറഞ്ഞു.