മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ ബഹ്‌റിനില്‍ പ്രാബല്യത്തിലായി. പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി മുന്‍കരുതല്‍ തുടരാനാണ് തീരുമാനം.
വാക്‌സിനെടുത്തവര്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കുമുളള നിയന്ത്രണങ്ങളെല്ലാം ചൊവ്വാഴ്ചയോടെ മാറി. എല്ലാ ജീവനക്കാര്‍ക്കും ജോലി സ്ഥലങ്ങളിലെത്താം. മാളുകളിലും റസ്റ്ററന്റ്, കഫേ, റീടെയ്‌ലല്‍ ഷോപ്പുകള്‍ ഇവിടങ്ങളിലെല്ലാം നൂറു ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനാ മുറികളില്‍ ഉള്‍ക്കൊളളാവുന്നതിന്റെ മുഴുവന്‍ ശേഷിയോടെ സാമൂഹിക അകലമെന്ന വ്യവസ്ഥയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ രാജ്യത്തെ വ്യാപാര വാണിജ്യ മേഖലയിലും ഇളവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 19 ന് ആരംഭിച്ച യെല്ലോ നിയന്ത്രണങ്ങള്‍ ജനുവരി 31 ന് വീണ്ടും നീട്ടുകയായിരുന്നു.