തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സര്‍ക്കാരിന്റെ അനുനയ നീക്കത്തിനൊടുവിലാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്ന് അടിയന്തരമായി മാറ്റി. ശാരദ മുരളീധരന് പകരം ചുമതല നല്‍കി. ഇതിന് പിന്നാലെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുകയും ചെയ്തു.
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ഹരി എസ്.കര്‍ത്ത എന്ന വ്യക്തിയെ നിയമിച്ചതിനുള്ള അംഗീകാര പത്രത്തില്‍ സര്‍ക്കാരിന്റെ വിയോജന കുറിപ്പെഴുതിയ ജ്യോതിലാലിനെ ഉടന്‍ മാറ്റിയാണ് സര്‍ക്കാര്‍ പ്രതിസന്ധി ഒഴിവാക്കിയത്. വിയോജന കുറിപ്പില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതം പ്രകടിപ്പിച്ചത്. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നും ഗവര്‍ണര്‍ ഉപാധി വെച്ചിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും വെള്ളിയാഴ്ചത്തെ നിയമസഭാ സമ്മേളനവും നയപ്രഖ്യാപന പ്രസഗവും തടസമില്ലാതെ നടക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.