മലപ്പുറം: മലപ്പുറത്തെ ഏഴ് വയസുകാരന്‍ മരിച്ചത് ഷിഗല്ല ബാധിച്ചെന്ന് സംശയം. ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെയാണ് ഏഴ് വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.