തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം; തലശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം; തലശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍

കണ്ണൂര്‍: തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങി വരവെ വീടിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.

രണ്ട് ബൈക്കുകളിലായിട്ടാണ് അക്രമി സംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി. ഇവരുടെ മുന്നില്‍ വച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരന്‍ സുരനും വെട്ടേറ്റു.

ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്പ് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.